Tuesday, August 22, 2006

പശുക്കുടിനു പിന്നില്‍ ഉള്ള മൂവാണ്ടന്‍ മാവ്‌ പതിവുപോലെ നിറച്ചു മാങ്ങ പിടിച്ചിട്ടുണ്ട്‌, എല്ലാം നല്ല പച്ച മാങ്ങ, എത്ര നാളായി പച്ചമാങ്ങ ഉപ്പും കൂട്ടി തിന്നിട്ട്‌. എഴുപത്തഞ്ചു കിലോ ശരീരം വെച്ചു വലിഞ്ഞു കയറി. അമ്മ അപ്പോഴേ പറഞ്ഞു. വേണ്ടാ വേണ്ടാ എന്ന് കേട്ടില്ല. കയറി ഒരു കൊമ്പിന്റെ അറ്റത്തതാ 2 എണ്ണം ഒരു കൈപ്പാങ്ങിനു കിടക്കുന്നു, പറിക്കാന്‍ ആഞ്ഞതാ. കാളിദാസനു പറ്റിയപോലെ മാവിന്റെ കൊമ്പു മൊത്തതില്‍ ഭൂഗുരുത്വാകര്‍ഷണത്തെ യാഥാര്‍ത്ഥ്യം ആക്കാന്‍ എന്നോണം മുറിഞ്ഞു താഴെ കിടക്കുന്നു. മാങ്ങയും പറിച്ചു നടുവും തല്ലി താഴെ.. എന്തൊരു വേദന..കണ്ണു തുറന്ന് നോക്കിയപ്പോള്‍ കട്ടിലിന്റെ താഴെയാണു സ്ഥാനം. ഊഹ്‌ സ്വപ്നം കാണാന്‍ പറ്റിയ സമയം.
ഇയ്യിടയായി ഇങ്ങനത്തെ വൃത്തികെട്ട സ്വപനങ്ങള്‍ ആണു സ്ഥിരം പ്രദര്‍ശനത്തിനു വരുന്നതു. എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല.ഇന്നലെ പശു കുത്താന്‍ ഓടിച്ച സ്വപ്നം, മിനിഞ്ഞാന്ന് ഹിന്ദിപരീക്ഷ സ്വപ്നം. കയ്‌ വിട്ടകളിയാണല്ലോ എന്റെ മുത്തപ്പാ. ഇനിയും കിടന്നു ഉറങ്ങിയാല്‍ അമ്മച്ചിയുടെ ശബ്ദ താരാവലി കേള്‍ക്കണം അതിലും ഭേദം പശുവിന്റെ ചാണകം വാരുന്നതാ. പശുക്കൂട്ടിനടുത്തു ചെന്ന ഞാനൊന്ന് ഞെട്ടിയോ. ഹേയ്‌... സ്വപ്നത്തിലെ മാവ്‌ ദേ മൊത്തത്തോടെ താഴെ. നിറച്ചു നല്ല പച്ചമാങ്ങ പിടിച്ചിരുന്ന മാവാ. വഴിയേ പോയ വാച്ചാ ദാമോദരന്‍ (എല്ലാരും അങ്ങനെയാ അയാളേ വിളിക്കുക) തമ്പ്രാട്ട്യേ...ഇനി മാങ്ങ പറിക്കാന്‍ എളുപ്പമായല്ലോ, മരത്തില്‍ കേറുന്നതിനു പകരം, മരം നമ്മള്‍ടെ അടുത്തോട്ടു വന്നില്ലേ.. ഹൊ എന്തൊരു തമാശ.. ചിരിക്കാനല്ല തോന്നിയത്‌, ഒരു കയ്യ്‌ ചാണകം എടുത്തു അയാള്‍ടെ മോന്തക്കു ഒരൊറ്റ .. അയ്യൊ വേണ്ട ന്യൂനപക്ഷമാ..പ്രശ്നമായാലോ. മത്തന്‍ പൂത്തിരിക്കുന്നു, പറമ്പു മുഴുവന്‍ കാശിത്തുമ്പ (ബോള്‍ഗാസം എന്നും അതിനു പേരുണ്ടന്ന് സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ്‌ എനിക്കു മന്‍സിലായത്‌ എന്തൊരു വൃത്തികെട്ട പേര്‌).
തിരിചു വീട്ടിനുള്ളില്‍ കയറി ചേട്ടന്‍ ദൂബായില്‍ നിന്നും കൊണ്ടുവന്ന പേസ്റ്റ്‌ അല്‍പം അല്‍പം മാത്രം എടുത്ത്‌ ബ്രഷില്‍ പുരട്ടി എന്നു വരുത്തി അതു വായില്‍ തള്ളിക്കയറ്റി. പല്ലു തേക്കണമല്ലോ എല്ലാം ചേടത്തിയമ്മയുടെ പരിഷ്കാരം ആണ്‌, പല്ലു തേച്ചില്ലെങ്കില്‍ കാപ്പിയില്ലത്രേ...ആന പല്ലുതേച്ചിട്ടാണോ കള്ളുകുടിക്കുന്നത്‌..ആരോട്‌ ചോദിക്കാന്‍.. പറമ്പിലേക്ക്‌ ഇറങ്ങി ഒരു കറക്കം ആവാം രണ്ടുണ്ട്‌ ഗുണം പല്ലുതേച്ചൂന്നും ആവും, തേങ്ങ വല്ലതും വീണിട്ടുണ്ടേല്‍ അപ്പന്‍ കാണുന്നേനെ മുന്നേ അടിച്ചുമാറ്റിയാല്‍ പപ്പിച്ചേച്ചിയുടെ കടയില്‍ കൊടുത്തു ഉള്ള ചില്ലറ വാങ്ങാം.
നടന്ന് സര്‍പ്പക്കാവിനടുത്തെത്തി. ആണ്ടിലൊരിക്കല്‍ മാത്രം വൃത്തിയാക്കുന്ന സ്ഥലം. അതാണ്‌ സര്‍പ്പക്കാവിന്‌ എന്റെ മനസ്സിലെ സ്ഥാനം. ചിത്രകൂടക്കല്ലിന്റെ ചെറിയ വാതിലില്‍ ഒരു സ്വര്‍ണത്തിളക്കം ഒരനക്കം..ഒരു ചെറിയ തലയും.. ഒരു നിമിഷം കൊണ്ട്‌ കുണ്ഡലിനി തൊട്ട്‌ സഹസ്രാരചക്രം വരെ ഒരു ഒരു തരിപ്പ്‌.. എന്റെ ഊരകത്തമ്മതിരുവടീ സര്‍പ്പദൈവങ്ങള്‍ അനുഗ്രഹിച്ചോ അതും പല്ലും തേച്ചുകൊണ്ടിരിക്കുന്നവനും, കുളിക്കാത്തവനുമായ എന്റെ മുന്നില്‍... നിമിഷാര്‍ദ്ധം കൊണ്ട്‌ ആ സ്വര്‍ണ്ണത്തലക്കു ഒരു ബോഡിയും, നാലുകാലും, ഒരു വാലും പ്രത്യക്ഷപെട്ടു. അയ്യേ. അരണയായിരുന്നു സസ്പെന്‍സ്‌ നശിപ്പിച്ചല്ലോ. പണ്ടൊരിക്കല്‍, ഒരു ചേരയെ കണ്ടിട്ട്‌ മൂര്‍ഖനാണെന്ന് സ്കൂളില്‍ ചെന്ന് വീമ്പിളക്കിയതു പോലെ ഒരു സ്കോപ്‌ ഉണ്ടായിരുന്നത്‌ ഇല്ലാതെയായി. തിരിച്ചു നടന്ന്, കച്ചി പുരക്ക്‌ അടുത്തെത്തി, വിശാല വീക്ഷണം ഉണ്ടായിരുന്ന വല്യാഫന്‍ തിരുമനസ്സിന്റെ മനസ്സില്‍ ഉദിച്ചതാണ്‌ വൈക്കോല്‍ ഇടാനും ഒരു പുര. മറ്റു പറമ്പുകളില്‍ ഒക്കെ തുറുമാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. അതിന്റെ ഗുണം രണ്ടായിരുന്നു, വല്ലപ്പോഴും വൈക്കോല്‍ സംഭരണം നടത്തുന്ന സമയത്ത്‌, അതിനുള്ളില്‍ ഒളിച്ചിരിക്കുന്ന അണലിപ്പാമ്പിനെ തല്ലികൊല്ലുന്നതിനു ദൃക്‌സാക്ഷിയാവാം. പ്രസവിക്കാറായ പശുവിന്റെ ഈറ്റില്ലമായി ഉപയോഗിക്കുകയും ആവാം. എന്തൊരു ജീനിയസ്സ്‌ മുത്തഫന്‍.
ഉഷയെ അവിടെ കൊണ്ടു കെട്ടിയിട്ട്‌ 4-5 ദിവസമായി. ഒന്നു നോക്കിക്കളയാം, ഉഷേ നീ എവിടേ നിന്‍ കുഞ്ഞെവിടേ. അയ്യോന്ന് നിലവിളിച്ചില്ലന്നേ ഉള്ളൂ. ഉഷയ്ക്ക്‌ മുന്നില്‍ ഒരു തല പിന്നില്‍ വേറോരുതല. ഒരു നിമിഷം എടുത്തു സംഗതി മന്‍സിലാവാന്‍. അമ്മോോോ... നീട്ടി വിളിച്ചു.. ഒരു ജന്മം കൂടെ പിറക്കുന്നു. ബാക്കി കാണാന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ അവകാശം നഹി. എന്തായാലും, വീട്ടിലെ ഒറ്റപ്പെടല്‍ തല്‍ക്കാലം മാറികിട്ടുമല്ലോ...അതാണു ഒരു സന്തോഷം.

Wednesday, July 26, 2006

എത്രനേരം ഉറങ്ങി എന്നറിയില്ല. താഴെ വലിയ ശബ്ദം കേട്ടാണുണര്‍ന്നത്‌. അല്ലെങ്കിലും വാകമരത്തില്‍ എന്നു ഉറങ്ങാന്‍ ശ്രമിച്ചിട്ടുണ്ടോ അന്നെല്ലാം കൊസ്രാങ്കൊള്ളി ഉറപ്പ്‌. ഇന്നെന്താണാവോ. പണം കായ്ക്കുന്ന മരമായാലും പുരക്കു ചാഞ്ഞാല്‍ മുറിക്കണം എന്ന ശാസ്ത്രമതം വെച്ച്‌, അധികാരികള്‍ ആ വാകമുറിക്കാനുള്ള പുറപ്പാടാണ്‌. പണം കായ്ക്കുന്നതു പോയിട്ടു, പൂക്കാന്‍ പോലും മറന്ന അ നെന്മേനിവാക, പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നത്‌ എന്തായാലും ഒരു സൌന്ദര്യമായിരുന്നു. പക്ഷേ ആജ്ഞ കല്ലേപിളര്‍ക്കും. മുറിച്ചേ പറ്റൂ. പക്ഷേ അതിനു ബഹളം എന്തരിനൊ എന്തൊ. താഴെ താടി വെച്ച ഒരുത്തന്‍ മരത്തേ കെട്ടിപിടിച്ചു നില്‍പ്പുണ്ടു. മരംചുറ്റിപ്രേമമമോ അതോ? അല്ല ഇവന്‍ ബാബാ ആംതേ റ്റയിപ്പാണന്നു തോന്നുന്നു. ജൂനിയര്‍ സുഗതകുമാരി. മരം മറിഞ്ഞു 10 എണ്ണം ചത്താലും, മുറിക്കരുത്‌. കുരങ്ങു കടിച്ച്‌ കുട്ടികള്‍ക്ക്‌ പേയ്‌ ഇളകിയാലും, കൊരങ്ങനെ കൊല്ലാന്‍ പറ്റില്ല. ആ ടൈപ്പ്‌ സാധനം ഒരെണ്ണം ദേ താഴെ.
എന്തായാലും ആ വിമോചന സമരം ഏറ്റു. അന്നു മുറിക്കാന്‍ വന്നവര്‍ മടങ്ങിപ്പൊയ്‌, അന്നേ ഞാന്‍ കുറിച്ചു വെച്ചതാ. ഇതു അധികപ്പറ്റായില്ലേ എന്ന്, കാരണം, ഞാന്‍ ഇരുന്ന കൊമ്പില്‍ നിന്നും ഒരു ചെറിയ തുള, അതു നേരേ കീഴെ പോകുന്തോറും അയ്യപ്പാസ്‌ കോട്ടയം പോലേ പുറത്തൂന്ന് നോക്കിയാല്‍ ചെറിയ തുള അകത്ത്കേറിയാലോ.....എലി പന്നി പെരുച്ചാഴി എന്ന പ്രമാണവാക്യം (ബാക്കി പറയുന്നില്ല സമുദായ സ്പര്‍ദ്ധയുണ്ടായാലോ) പോലെ താഴെ ഒരു മഹാസമ്മേളനത്തിനുള്ള ജന്തുക്കള്‍ ഉണ്ട്‌. അതുകൊണ്ട്‌ ഈ മരത്തിനേറിയാല്‍ 6 മാസം ആയുസ്സ്‌ എന്ന് കണക്കൂകൂട്ടിയ ധൈര്യത്തിലാണ്‌ ഇന്നലെ രാത്രി കഴിച്ച്കൂട്ടിയത്‌. ഇതുവല്ലതും ജൂനിയര്‍ ആംതേ കം സുഗതകുമാരി അറിയുന്നുണ്ടോ? ആരുടെ മണ്ടക്കാണോ വീഴാന്‍ യോഗം. ഇനി ഇവിടെനില്‍ക്കുന്നതു പന്തിയല്ല. ലുട്ടാപ്പി ദേ വരുന്നു. കണ്ടാല്‍ പിന്നെ കായ്ച്ച്‌ യു കില്‍ യു എന്നൊക്കെ പറഞ്ഞ്‌ കൂടും. ങ്ങീ.........എന്നൊരുശബ്ദത്തോടെ അവള്‍ നീലവിഹായസ്സിലേക്ക്‌ ഉയര്‍ന്നു പൊങ്ങി.

എങ്ങോട്ടു പോകും. വെക്കേഷന്‍ സമയം ആയിരുന്നെങ്കില്‍, വല്ല ഹരിദ്വാര്‍ ഹൃഷീകേശ്‌ തുടങ്ങിയ സ്ഥലാന്തരവിശേഷങ്ങളുടെ നിര്‍ഗുണികതയിലെ യുക്തിഭദ്രതയിലും, ഊട്ടി കൊടൈക്കാനല്‍, പൊന്മുടി തുടങ്ങിയ, സ്താലവീശേഷങ്ങളുടെ അല്‍പ ജടിലത്വത്തിലും ചിന്തോദ്ദീപകവും, ആലോചനാമൃതവുമായ തമോഗര്‍ത്തങ്ങളില്‍ടെ ഊളിയിട്ടു വ്യവഹരിക്കാമായിരുന്നു (ക്ഷമിക്കണം, നമ്മുടെ വിദ്യാഭ്യാസത്തെ ഒന്നു അനുകരിച്ചതാണ്‌). ആകെക്കൂടി ഒരു ജാലസ്പികതയില്‍ കലര്‍ന്ന ഒരു അചഞ്ചചഞ്ചലത.

നേരേ താഴെകണ്ട തെങ്ങിന്റെ മാട്ടയില്‍ ഇറങ്ങി, ഏതോ പാവം ചെത്തുകാരന്‍ കമഴ്ത്തിവെച്ചിരുന്ന മണ്‍കുടം എടുത്ത്‌ തുറന്ന് നോക്കി. കൊള്ളാം, ഒരു നീര്‍ക്കോലി, ഒരു കാക്ക കുഞ്ഞ്‌, പിന്നെ ഒരു മൂന്ന് നാല്‌ ചെമ്പല്ലി. ഒരു ഓലക്കാല്‍ പറിച്ചെടുത്ത്‌ എല്ലാറ്റിനേം ഗെറ്റ്‌ ഔട്ട്‌ പറഞ്ഞ്‌ ബാക്കിയുള്ള മധുരപാനീയം കുടിച്ചു വറ്റിച്ചു. ഒന്നുഷാറായി.

Tuesday, July 18, 2006

അദ്ധ്യായം 2 പരോപകാരമിദം ശരീരം

495 ടെസ്‌ല മാഗ്നെറ്റ്‌ വെച്ച്‌ ആകര്‍ഷിക്കുന്ന പോലെ ഒരു വലിവ്‌. തൂങ്ങികിടന്ന ചില്ല ആഞ്ഞ്‌ ഉലയുന്നു. പടക്കേ...... തല പോയി മരത്തില്‍ ഇടിച്ചപ്പോഴാണ്‌ ഞാന്‍ ഉണര്‍ന്നതു. ആകര്‍ഷണം ഒരു സ്വപ്നം ആയിരുന്നോ? ഹേയ്‌ അല്ല ഉള്ളതാണല്ലോ. തന്നെ ആരോ വിളിക്കുന്നു. പോയല്ലേ പറ്റൂ. തൂങ്ങി കിടന്ന കടവാതില്‍ അതാ ഒരു നിമിഷാര്‍ദ്ധം കൊണ്ടു കട്ട പൊക അതു തെക്കു ദിക്കിനെ ലക്ഷ്യമാക്കി അതിവേഗം നീങ്ങി. നല്ല പരിചയമുള്ള സ്ഥലം. പാറക്കൂട്ടത്തില്‍ വീട്‌, കൊള്ളാം നല്ല പേര്‍, അകത്തു പൊരിഞ്ഞ മന്ത്രവാദമാണല്ലൊ, ഞാന്‍ മാത്രമല്ല, ധൂമാവതി, എരുമമോറി, തീച്ചാത്തന്‍, എല്ലാരും ഉണ്ടല്ലോ, എന്തോ കൂടിയ ഐറ്റം ആണു അകത്ത്‌.

ഹി ഹി ഹി എന്താണു മറുതാമ്മേ വിശേഷം, സുഖമാണോടീ, ചാത്തന്‍ അടുത്തു വന്നു ചോദിച്ചു, ഹൊ..എന്തൊരു നാറ്റം, ബിനു പോലും കുടിക്കാത്ത മദ്യം ആണല്ലോ ഈശ്വരാ വലിച്ചു കേറ്റിയിരിക്കുന്നത്‌. ഈ അവസ്ഥയില്‍ ഇവന്‍ തീവര്‍ഷിച്ചാല്‍ ആദ്യം കാഞ്ഞുപോകുന്നതു ഇവന്‍ തന്നെയായിരിക്കും. പ്രേതങ്ങളുടെ ട്രാഫിക്‌ പോലീസ്‌ കാണണ്ട, പെറ്റിക്കേസിനു ഇതു മതി. ഒഹ്‌ ഒന്നുമില്ല ചേട്ടാ, സുഖം തന്നെ, ഒന്നങ്ങോട്ടു മാറി നിന്നാട്ടെ ധൂമാവതി രക്ഷിച്ച്യൂന്നു പറഞ്ഞാല്‍ മതി. അല്ലെങ്കിലും അവള്‍ അങ്ങനയാ, കഷ്ടകാലത്തിനു പ്രേതമായവള്‍. അഗ്നിഹോത്രാദികളാല്‍ ആത്മശുദ്ധി വരിക്കേണ്ട്വള്‍ ഭൃഷ്ടയായ്‌, ഗതിയില്ലാതെ. അതു പോട്ടെ, വിളിച്ചുവരുത്തിയിട്ടു ആര്‍ക്കു എന്തു ഉപകാരമാണോ ഇന്ന് ചെയ്യണ്ടത്‌.
കഴുത്തരിയപ്പെട്ടകോഴിയുടെ ആര്‍ത്തനാദം, ഞങ്ങള്‍ സമ്പ്രീതരായെന്നാണു വെപ്പ്‌, ഇനി കാര്യം സാധിച്ചു കൊടുക്കണം. ഒന്നുമില്ല, ചെറിയ ഐറ്റങ്ങള്‍ തന്നെ, ഗര്‍ഭം കലക്കല്‍ മുതല്‍ കൊലപാതകം വരെ. വയല്‍ കത്തിക്കല്‍, ഒടി, പാര, ബുദ്ധികലക്കല്‍, ആപത്കാലത്തു വേണ്ടാത്തതു തോന്നിക്കല്‍ അങ്ങനെ ലിസ്റ്റ്‌ നീണ്ട്‌ എക്സ്പ്രസ്സ്‌ ഹൈവേ പോലെ കിടക്കുന്നു. ഹോട്ടലിലെ മെനു കാര്‍ഡ്‌ പോലെയാണ്‌ കാര്യങ്ങള്‍. പ്രകൃതിയുടെ മിശ്രണം റ്റാറ്റയുടെ പായ്ക്കിംഗ്‌. എന്തായാലും കാര്യം തീച്ചാത്തന്‍ ഏറ്റെടുത്തതു നന്നായി. ഈ അര്‍ദ്ധരാത്രി, എനിക്കു വയ്യ. തീച്ചാത്തനു അതു ആവശ്യമാണ്‌. ഞങ്ങ്ലുടെ ഇലക്ഷന്‍ അടുത്തു വരികയല്ലേ, അവനു മൂപ്പന്‍ സ്ഥാനത്തേക്കൊരു നോട്ടം പണ്ടേ ഉണ്ട്‌.

ഇനിയും കിടക്കുന്നു നാഴികകളോളം, എന്തു ചെയ്യണം എന്നു ഒരു എത്തും പിടിയും കിട്ടുന്നില്ല, അല്ലെങ്കിലും അങ്ങനെ തന്നെ, ദിവസവും ഇങ്ങനെ ഉദിക്കും അസ്തമിക്കും, ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടോ? സര്‍വ്വകലാശാലകളിലെ ഗവേഷണം പോലെ അല്ലെങ്കില്‍ സര്‍ക്കാരുദ്യോഗം പോലെ. ആവശ്യത്തിനു വിളിച്ചാല്‍.ഠിരക്കാണ്‌ പറ്റില്ല. എന്തു തിരക്ക്‌ ആര്‍ക്ക്‌ തിരക്ക്‌, പറ്റില്ല എന്നതു സത്യം.

എന്തായാലും, താഴെക്കാണുന്നതു നമ്മുടെ പ്രശസ്തമായ സര്‍വ്വകലാശാലയല്ലേ, ഒരു കുസൃതി ഒപ്പിച്ചാലോ. എക്കണോമിക്സ്‌ ഡിപ്പാര്‍ട്ട്മെന്റിന്റെ താഴെ സെക്ക്യൂരിറ്റിക്കാരന്‍ നില്‍ക്കുന്നു, പേടിപ്പിക്കണോ, മോഹിപ്പിക്കണോ. മോഹിപ്പിക്കാം, അതു തന്നെ...ഏടുത്തു സുന്ദരി നീയും...വേഷം, മാത്തമാറ്റിക്സ്‌ ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്നിലൂടെ സെക്യൂരിറ്റിയെ മറികടന്ന് ഒരു സൈറ്റും അടിച്ച്കാണിച്ച്‌ നേരേ ഡിപ്പാര്‍ട്ട്മെന്റിനകത്തു കേറിപ്പോയ്‌. അകത്തു ഒരുത്തന്‍ ഇരിപ്പുണ്ടു, ഒരു വെടിക്ക്‌ രണ്ടു പക്ഷി, സെക്യൂരിറ്റിക്ക്‌ ഇന്നത്തേക്കു സ്വപ്നം കാണാനുള്ള വക മാത്രമല്ല, അകത്തിരിക്കുന്നവനിട്ടൊരു പാരയുമായി, നാളെ നടക്കാന്‍ പോകുന്നതു അവള്‍ ഇന്നേ മുന്‍ കൂട്ടി കണ്ടു. അകത്തിരികിക്കുന്നവനു മാനഹാനി തന്നേ ഫലം. അകത്തുകേറിയവള്‍ നേരേ ലൈബ്രറിയില്‍ കയറി രണ്ടു കമ്പ്യൂട്ടറില്‍ വൈറസ്‌ ആയി പൈയ്തിറങ്ങി. അവിടെന്ന് ഇറങ്ങി നേരേ നടന്നു. ഇനി എങ്ങോട്ടു പോകും. രസതന്ത്രമായാലോ. അയ്യോ അതു വേണ്ട, പൂച്ചയെ മാക്രിയാക്കുന്ന ജഗജില്ലി മന്തുളവൂരാന്‍ അവിടെയുണ്ടല്ലൊ. മാനം മറ്റവനു പോകണ്ടതിനു പകരം എനിക്കു പോകും.

കിഴക്കോട്ടു പോകാമെന്നുവെച്ചാല്‍ പുലിയിറങ്ങുന്ന സ്ഥലം, തടികേടാകും ഉള്ളതില്‍ ഭേദം നേരേ നടക്കന്നേ. മെന്‍സ്‌ ഹോസ്റ്റല്‍ ആണു, കേറണോ. വേണ്ട, അതിന്റെ ഉള്ളില്‍ പണ്ടൊന്നു കേറിയതിന്റെ ചളിപ്പു ഇന്നും തീര്‍ന്നിട്ടില്ല, എന്റെ തലയില്‍ അഡീഷണല്‍ 450 ജിബി ഹാര്‍ഡ്‌ ഡ്രൈവ്‌ പിടിപ്പിക്കേണ്ടിവന്നു അവിടെന്ന് കേട്ട തെറി മുഴുവന്‍ സ്റ്റോക്ക്‌ ചെയ്യാന്‍. പക്ഷേ അത്ഭുതം, ഹോസ്റ്റല്‍ നിശബ്ദം, ഇതു ലേഡീസ്‌ ഹോസ്റ്റല്‍ ആക്കിയോ? കേറിനോക്കണം എന്നുള്ള തൃഷ്ണ, വെറുതേ വിട്ടില്ല, എന്റെ ആനപ്പാറ അച്ചാമ്മേ എന്താ ഈ കാണണേ, വെറും നാലു വര്‍ഷം കൊണ്ടു ഹോസ്റ്റല്‍ അടിമുടി മാറീല്ലോ... എല്ലാരും ഇരുന്നു പഠിക്കുന്നു. വൃത്തികെട്ടവന്മാര്‍. അയ്യോ മന്തുളവൂര്‍.........ണ്ണ്‍ഗീ ങ്ങീ... കണ്ണില്‍ പെടാതേ അവള്‍ താഴത്തെ കോളനിയിലേക്കിറങ്ങി.

Friday, July 14, 2006

അദ്ധ്യായം 1 സ്വച്ഛന്ദ മൃത്യു കാണ്ഡം

എങ്ങും നിറഞ്ഞു നില്‍ക്കുന്ന അന്ധകാരം, കൂരിരുട്ട്‌, ഉദിച്ചുയര്‍ന്നു നില്‍ക്കുന്ന പൂര്‍ണ്ണ ചന്ദ്രന്‍, നക്ഷത്രങ്ങളുടെ രാത്രി ഗീതങ്ങള്‍, രാപ്പാടികള്‍, താമരയിലകളിള്‍ അന്തിയുറങ്ങുന്നു...കാലന്‍ കോഴിയുടെ കളകൂജനം, പൂച്ചകള്‍ കരയുന്നു...പൂമ്പാറ്റകള്‍ പാറിപറക്കുന്നു...എന്തൊരു കൂരിരുട്ട്‌ കറയറ്റൊരാലസല്‍ ഗ്രാമഭംഗി, അര്‍ദ്ധരാത്രിയിലേ ബ്രഹ്മ മുഹൂര്‍ത്തവും..അഹോരഛണ്ഡയാമംവും, അതാ മുറ്റത്തൊരു മൈന.

പേക്രോം പേക്രോം എന്നു കരയുന്ന തവളകളുടെ മൃദുമന്ദാഹാസത്തിനിടയില്‍, വാടിക്കൊഴിഞ്ഞ താമരപ്പൂക്കളുടെമണം പേറി ആ ഇടിഞ്ഞ്‌ പൊളിഞ്ഞ കുളക്കടവില്‍, അതാ അവള്‍, ഒരു കാല്‍ വെള്ളത്തില്‍ ഇറക്കിവെച്ചു..മറ്റേ കാല്‍ ഒരുപടിയില്‍ കേറ്റി വെച്ചു രണ്ടു കൈകളും എളിക്കു കുത്തി പിടിച്ചുംകൊണ്ടു...മുടിയഴികിട്ടവള്‍ അലറി....അക്രോശിച്ചു..തവളകള്‍ നടുങ്ങി, അതാണു അവള്‍ നമ്മുടെ കഥാ നായകി ആന മറുത, തേക്കെതിലെഏലിയാമ്മയുടെയും, വടക്കേ പുത്തങ്കണ്ടം കോരപ്പന്‍ ചെട്ടിയാരുടെയും 2ആമത്തേ സന്തതി

അവള്‍ മരിച്ചിരുന്നു 4 വര്‍ഷം മുന്നെ നടന്ന ഒരു അത്മഹത്യയിലൂടെ അവളുടെ ഭൌതിക ശരീരം തീയ്ക്കിരയായി, ബാക്കി ഉള്ളതു ഒരു അത്മവും ഇപ്പൊള്‍‍ ഉള്ള അന മറുതയുടെ ശരീരവും. മുറ്റത്തു കണ്ട മൈനയെ അവള്‍‍ പിടിച്ചെടുത്ത്‌ മൈനയുടെ കഴുത്തു ചിക്കന്‍ ബിരിയാണി തിന്നുന്ന ലാഘവതില്‍ കടിച്ചു മുറിച്ചു, ചൂടു രക്തം,അവള്‍ രക്ത ദാഹിയായിമാറുകയാണു..ആര്‍ക്കുവേണ്ടി...എന്തിനുവേണ്ടി എല്ലാം ഒരു ചോദ്യ ചിഹ്നം. ചോദ്യ ചിഹ്നം എന്നു പറഞ്ഞപ്പോള്‍ ആണ്‍ അവള്‍ ഓര്‍ത്തത്‌ എന്നാണു താന്‍ ചോദ്യ ചിഹ്നത്തെ പേടിക്കാന്‍ ‍ തുടങ്ങിയതു പത്താം ക്ലാസ്സ്‌ പരീക്ഷക്കു വെഞ്ഞാറന്മൂട്ടിലേ കണ്ണന്‍ ‍മാഷ്‌ സ്പെഷല്‍ ട്യൂഷന്‍ എടുത്തു തന്നപ്പോഴോ. അതോ പാമ്പ്രയിലെ പ്രധാന മദ്യപാനി പൈപ്പു റേഞ്ചു ബിനു ആരോരും കാണാതേ കവിളില്‍ ചുംബിച്ചിട്ടു ഓടിക്കളഞ്ഞപ്പൊഴോ..എന്തയിട്ടെന്താ ചത്തു വീണ മൈനയെക്കാള്‍ കഷ്ടമായ ജീവിതത്തിലേക്കു കാലൂന്നികഴിഞ്ഞിട്ടു പിന്നിട്ട വഴികളിലൂടെ സഞ്ചരിക്കാനാവില്ലാല്ലൊ.

ആന മറുതയായി ജീവിക്കുമ്പോഴും ഡീസന്‍സി കളഞ്ഞു കുളിക്കാമോ? പക്ഷേ വിശപ്പു മാറുന്നില്ല, ഈച്ചയേ പൊലേ ഇരിക്കുന്ന ഒരു മൈനയുടെരക്തം കൊന്ത്രമ്പല്ലിന്റെ ഓട്ട അടയ്ക്കാനില്ല.അവള്‍ കുളക്കടവില്‍ നിന്നും കയറി...വഴിയില്‍ കണ്ട ഒരുകുല ശവം നാറി പൂക്കളുടെ സുഗന്ധം ആസ്വദിച്ചു കൊണ്ടു അന്ത്രയോസ്സിന്റെ വീട്ടിലേ വാഴത്തോപ്പിലൂടെ മന്ദം മന്ദം നടന്നു വാഴകള്‍ കുലച്ചു നില്‍ക്കുന്നു...അവള്‍ നെടു വീര്‍പ്പിട്ടു ഇതുപൊലെ ഒരുവാഴപ്പഴ കാലത്താണു തന്നെ ആ കാലമാടനു കല്യാണംആലോചിച്ചതു, എല്ലാം കഴിഞ്ഞില്ലേ ബാക്കിയുള്ളആത്മാവില്‍ പ്രേതഗ്നി മാത്രം.

നല്ല എരുമ ചാണകത്തിന്റെ മണം ആഹാ.... അവള്‍ ഗോമൂത്രം എടുതു, ഇതുതാന്‍ ഗിയോര്‍ഗ്ഗിയോ അര്‍മ്മാണി എന്ന മട്ടില്‍ ദേഹത്തു വാരിത്തളിച്ചു, നേരേ ഇറങ്ങി വഴിയിലേക്കു നടന്നു തെക്കന്‍ കാറ്റു വീശുന്നു...കുറുക്കന്മാര്‍ ഓരിയിട്ടുതുടങ്ങി

അവള്‍ ഒരു നിമിഷം നിന്നു, എന്താണു ഒരു അമറല്‍ കേള്‍ക്കുന്നതു...ഓഹ്‌..അമറല്‍ അല്ലല്ലോ അഷ്ടവൈദ്യന്‍ കോരപ്പ രവി മൂസ്സതു അച്ചിയെ സംബന്ധം വെച്ചിട്ടു കിടന്നു ഉരങ്ങുന്ന മനോഹരമായ ശബ്ദം ആണു കേള്‍ക്കുന്നതു, നാശം പേടിച്ചുപോയ്‌. അവള്‍ മറയോല മാറ്റി എത്തിച്ചു നോക്കി, വീണിതല്ലോ കിടക്കുന്നു ധരണിയില്‍ കോണകവുമഴിഞ്ഞങ്ങഹോ...ഇതു തന്നെ അവസരം, രണ്ടു ആഴ്ച മുന്നെ, കത്തിമുനയില്‍ ചുണ്ണാമ്പുതേച്ച അഹോരച്ചണ്ഡക്രിയയിലൂടെ എന്നെ മുള്ളില്‍ നിര്‍ത്തിയതു ഞാന്‍ മറന്നിട്ടില്ലല്ലോ, അടുത്തു കണ്ട നീറിന്‍ കൂട്ടില്‍ കയ്യിട്ട്‌, ഒരു അഞ്ചാറെണ്ണത്തിനെ കോണകത്തിന്റെ സൈഡില്‍ വെച്ചുകൊടുത്തു അവള്‍. കുറെ കഴിയുമ്പൊ വിവരം അറിഞ്ഞോളും, ബ്ലഡി കണ്ടാങ്കരസ്സ്‌ ഫെല്ലൊ പഠിച്ചോളും. അവള്‍ ഒരു മന്ദസ്മിതത്തോടെ മുന്നോട്ടു യാത്രയായി.

ഔൂൂൂൂൂൂൂ.... നശിച്ച കുറുക്കന്റെ മോന്‍..ഒരു ഇന്‍ഡിക്കേറ്റര്‍ ഇട്ടിട്ടു ഓളിയിട്ടൂടേ പേടിച്ചു പോയ്‌..മുന്നോട്ടു നടക്കുക തന്നേ. ലല്ലലം പാടി നുരയും പത്യും ഒലിപ്പിച്ചു ഓടിയിരുന്ന സഹ്യ പുത്രി അതാ കണ്മുന്നില്‍ എന്റെ സ്വന്തം പാര്‍വതി പുത്തനാര്‍..വര്‍ഷങ്ങള്‍ക്കു മുന്നേ ഇവിടെ ഒരു നദി ഒഴുകിയുരുന്നു എന്നു വേണമെങ്കില്‍ പരയാം, ഇപ്പോല്‍ നാട്ടുകാരുടെ ചിക്കന്‍ മട്ടന്‍ അവശിഷ്ടങ്ങള്‍ ദുര്‍ഗന്ധം സഹിക്കാന്‍ വയ്യ... ഹൊ...മര്‍തുപെണ്ണു തിര്‍ഞ്ഞു തന്റെ ചാണകം തേച്ച സുന്ദരമേനി മണത്തു നോക്കി, ഗോമൂത്രം സ്പ്രേ തന്നെ കിടിലം, നശിക്ക മനുഷ്യര്‍....പണ്ടു താത്രിയുമൊത്തു കുളിക്കാന്‍ വന്നിരുന്ന കടവതാ...ആരാണു ഇ കറുത്തിരുണ്ട രാത്രിയില്‍ അവിടെ..മുടിയഴിച്ചിട്ടിരിക്കുന്നതു??

തന്റെ കാലൊച്ചകേട്ടിട്ടാണെന്നു തോന്നുന്നു അവള്‍ തിരിഞ്ഞു നോക്കി...കണ്ണു പിടിക്കുന്നില്ല, അവള്‍ടെ 70 എം എം ചിരി മാത്രം കാണാം, ച്യാച്ചീ ച്യാച്ചീ എന്തരു ലേറ്റ്‌ അയതു, ഞാന്‍ തിരിച്ചുവന്നു കെട്ട, ബിലാത്തീലു കളക്ഷന്‍ കൊറവാ. ഒഹ്‌ ഇതവളല്ലേ കണ്ടങ്കാളി, ഇവിടത്തെ കള്ളും ഇറച്ചിയും പോരെന്ന പരാതിയായിരുന്നു അവള്‍ക്കെന്നും, അതു കൊണ്ടു മദ്യ തിരുവിതാംകൂറിലേക്കു ഇടക്കാലത്തേക്കു ഒന്നു കളം മാറ്റിചവിട്ടിയിരുന്നു. നീ എന്തിരടീ തിരിച്ചിങ്ങു പോന്നത്‌ നിന്റെ നെഗളിപ്പുകളൊക്കെ തീര്‍ന്നാ..ചോദിക്കണം എന്നു വിചാരിച്ചു..അതിനു മുന്നേ മറുപടി കിട്ടി

അക്കാ...എന്റെ മറുതയക്കായാണെ നേരല്ല് ഒള്ള കാര്യം പറേണവല്ല നമ്മടെ നാടു തന്നെയാണു സ്വര്‍ക്കം, മദ്യ തിരിവിതാങ്കൂറിലേ വൃത്തികെട്ടവമ്മാരു റവറുമ്പാലൊഴിച്ചു തന്നെടീ കള്ളാന്നും പറഞ്ഞ്‌...ഒഹ്‌ അവള്‍ തുടങ്ങി പണ്ടപ്പരപ്പും പരാധീനവും പറയാന്‍, തന്നിക്കേറെ ദൂരം പോകേണ്ടിയിരിക്കുന്നു, ഒരു വളിച്ച ചിരിപാസ്സാക്കി അവള്‍ നടന്നകന്നു കാളിയക്കന്റെ പിറുപിറുപ്പുകള്‍ ജലമര്‍മ്മരങ്ങളായി.

കൊക്കരക്കോ.....സൂര്യന്‍ ഉദിച്ചു പൊങ്ങി, ഇന്നത്തെ കറക്കം അവസാനിപ്പിക്കാം.അവള്‍ വലതു കയ്യിലെ രണ്ടു വിരലുകള്‍ മൂക്കിലേക്കു തള്ളിക്കയറ്റിക്രീം ജലഘൃണി ഹ്രൂം ഫള്‍ അതാ കിടക്കുന്നു തലകീഴായി, ആ വൃത്തികെട്ട കരിഞ്ഞുണങ്ങാറായ കാഞ്ഞിരമരത്തിന്റെ മുകളില്‍ ഒരു വവ്വാല്‍ ആയി അവള്‍ ഞാന്നു തൂങ്ങികിടന്നു ഇനി നീണ്ട പന്ത്രണ്ടു മണിക്കൂര്‍ നേരം ഉറങ്ങാം, നിശബ്ദമായി ലോകം അതിന്റെ ദിനചര്യകളിലേക്കു പ്രവേശിക്കുമ്പോള്‍. ഒന്നുറക്കം പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അതാ... ച്യാച്ചീ...എന്നുള്ള വിളി. ഒഹ്‌ ഇതവള്‍ തന്നേ, ഇലച്ചാര്‍ത്തുകള്‍ക്കിടയിലേക്കു ഒതുങ്ങി മറ്റവളുടെ കണ്ണില്‍ പെടാതെ മറുത ഉറക്കം തുടങ്ങി.

ഇതി സ്വഛന്ദ മൃത്യോര്‍ നാമഃ പ്രഥമേ കാണ്ഡം സമ്പൂര്‍ണം