പശുക്കുടിനു പിന്നില്‍ ഉള്ള മൂവാണ്ടന്‍ മാവ് പതിവുപോലെ നിറച്ചു മാങ്ങ പിടിച്ചിട്ടുണ്ട്, എല്ലാം നല്ല പച്ച മാങ്ങ, എത്ര നാളായി പച്ചമാങ്ങ ഉപ്പും കൂട്ടി തിന്നിട്ട്. എഴുപത്തഞ്ചു കിലോ ശരീരം വെച്ചു വലിഞ്ഞു കയറി. അമ്മ അപ്പോഴേ പറഞ്ഞു. വേണ്ടാ വേണ്ടാ എന്ന് കേട്ടില്ല. കയറി ഒരു കൊമ്പിന്റെ അറ്റത്തതാ 2 എണ്ണം ഒരു കൈപ്പാങ്ങിനു കിടക്കുന്നു, പറിക്കാന്‍ ആഞ്ഞതാ. കാളിദാസനു പറ്റിയപോലെ മാവിന്റെ കൊമ്പു മൊത്തതില്‍ ഭൂഗുരുത്വാകര്‍ഷണത്തെ യാഥാര്‍ത്ഥ്യം ആക്കാന്‍ എന്നോണം മുറിഞ്ഞു താഴെ കിടക്കുന്നു. മാങ്ങയും പറിച്ചു നടുവും തല്ലി താഴെ.. എന്തൊരു വേദന..കണ്ണു തുറന്ന് നോക്കിയപ്പോള്‍ കട്ടിലിന്റെ താഴെയാണു സ്ഥാനം. ഊഹ് സ്വപ്നം കാണാന്‍ പറ്റിയ സമയം.
ഇയ്യിടയായി ഇങ്ങനത്തെ വൃത്തികെട്ട സ്വപനങ്ങള്‍ ആണു സ്ഥിരം പ്രദര്‍ശനത്തിനു വരുന്നതു. എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല.ഇന്നലെ പശു കുത്താന്‍ ഓടിച്ച സ്വപ്നം, മിനിഞ്ഞാന്ന് ഹിന്ദിപരീക്ഷ സ്വപ്നം. കയ് വിട്ടകളിയാണല്ലോ എന്റെ മുത്തപ്പാ. ഇനിയും കിടന്നു ഉറങ്ങിയാല്‍ അമ്മച്ചിയുടെ ശബ്ദ താരാവലി കേള്‍ക്കണം അതിലും ഭേദം പശുവിന്റെ ചാണകം വാരുന്നതാ. പശുക്കൂട്ടിനടുത്തു ചെന്ന ഞാനൊന്ന് ഞെട്ടിയോ. ഹേയ്... സ്വപ്നത്തിലെ മാവ് ദേ മൊത്തത്തോടെ താഴെ. നിറച്ചു നല്ല പച്ചമാങ്ങ പിടിച്ചിരുന്ന മാവാ. വഴിയേ പോയ വാച്ചാ ദാമോദരന്‍ (എല്ലാരും അങ്ങനെയാ അയാളേ വിളിക്കുക) തമ്പ്രാട്ട്യേ...ഇനി മാങ്ങ പറിക്കാന്‍ എളുപ്പമായല്ലോ, മരത്തില്‍ കേറുന്നതിനു പകരം, മരം നമ്മള്ടെ അടുത്തോട്ടു വന്നില്ലേ.. ഹൊ എന്തൊരു തമാശ.. ചിരിക്കാനല്ല തോന്നിയത്, ഒരു കയ്യ് ചാണകം എടുത്തു അയാള്ടെ മോന്തക്കു ഒരൊറ്റ .. അയ്യൊ വേണ്ട ന്യൂനപക്ഷമാ..പ്രശ്നമായാലോ. മത്തന്‍ പൂത്തിരിക്കുന്നു, പറമ്പു മുഴുവന്‍ കാശിത്തുമ്പ (ബോള്ഗാസം എന്നും അതിനു പേരുണ്ടന്ന് സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ് എനിക്കു മന്സിലായത് എന്തൊരു വൃത്തികെട്ട പേര്).
തിരിചു വീട്ടിനുള്ളില്‍ കയറി ചേട്ടന് ദൂബായില്‍ നിന്നും കൊണ്ടുവന്ന പേസ്റ്റ് അല്പം അല്പം മാത്രം എടുത്ത് ബ്രഷില്‍ പുരട്ടി എന്നു വരുത്തി അതു വായില്‍ തള്ളിക്കയറ്റി. പല്ലു തേക്കണമല്ലോ എല്ലാം ചേടത്തിയമ്മയുടെ പരിഷ്കാരം ആണ്, പല്ലു തേച്ചില്ലെങ്കില്‍ കാപ്പിയില്ലത്രേ...ആന പല്ലുതേച്ചിട്ടാണോ കള്ളുകുടിക്കുന്നത്..ആരോട് ചോദിക്കാന്‍.. പറമ്പിലേക്ക് ഇറങ്ങി ഒരു കറക്കം ആവാം രണ്ടുണ്ട് ഗുണം പല്ലുതേച്ചൂന്നും ആവും, തേങ്ങ വല്ലതും വീണിട്ടുണ്ടേല് അപ്പന് കാണുന്നേനെ മുന്നേ അടിച്ചുമാറ്റിയാല്‍ പപ്പിച്ചേച്ചിയുടെ കടയില്‍ കൊടുത്തു ഉള്ള ചില്ലറ വാങ്ങാം.
നടന്ന് സര്പ്പക്കാവിനടുത്തെത്തി. ആണ്ടിലൊരിക്കല്‍ മാത്രം വൃത്തിയാക്കുന്ന സ്ഥലം. അതാണ് സര്‍പ്പക്കാവിന് എന്റെ മനസ്സിലെ സ്ഥാനം. ചിത്രകൂടക്കല്ലിന്റെ ചെറിയ വാതിലില്‍ ഒരു സ്വര്‍ണത്തിളക്കം ഒരനക്കം..ഒരു ചെറിയ തലയും.. ഒരു നിമിഷം കൊണ്ട് കുണ്ഡലിനി തൊട്ട് സഹസ്രാരചക്രം വരെ ഒരു ഒരു തരിപ്പ്.. എന്റെ ഊരകത്തമ്മതിരുവടീ സര്‍പ്പദൈവങ്ങള്‍ അനുഗ്രഹിച്ചോ അതും പല്ലും തേച്ചുകൊണ്ടിരിക്കുന്നവനും, കുളിക്കാത്തവനുമായ എന്റെ മുന്നില്‍... നിമിഷാര്‍ദ്ധം കൊണ്ട് ആ സ്വര്ണ്ണത്തലക്കു ഒരു ബോഡിയും, നാലുകാലും, ഒരു വാലും പ്രത്യക്ഷപെട്ടു. അയ്യേ. അരണയായിരുന്നു സസ്പെന്‍സ് നശിപ്പിച്ചല്ലോ. പണ്ടൊരിക്കല്‍, ഒരു ചേരയെ കണ്ടിട്ട് മൂര്‍ഖനാണെന്ന് സ്കൂളില്‍ ചെന്ന് വീമ്പിളക്കിയതു പോലെ ഒരു സ്കോപ് ഉണ്ടായിരുന്നത് ഇല്ലാതെയായി. തിരിച്ചു നടന്ന്, കച്ചി പുരക്ക് അടുത്തെത്തി, വിശാല വീക്ഷണം ഉണ്ടായിരുന്ന വല്യാഫന് തിരുമനസ്സിന്റെ മനസ്സില്‍ ഉദിച്ചതാണ് വൈക്കോല്‍ ഇടാനും ഒരു പുര. മറ്റു പറമ്പുകളില്‍ ഒക്കെ തുറുമാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. അതിന്റെ ഗുണം രണ്ടായിരുന്നു, വല്ലപ്പോഴും വൈക്കോല്‍ സംഭരണം നടത്തുന്ന സമയത്ത്, അതിനുള്ളില്‍ ഒളിച്ചിരിക്കുന്ന അണലിപ്പാമ്പിനെ തല്ലികൊല്ലുന്നതിനു ദൃക്സാക്ഷിയാവാം. പ്രസവിക്കാറായ പശുവിന്റെ ഈറ്റില്ലമായി ഉപയോഗിക്കുകയും ആവാം. എന്തൊരു ജീനിയസ്സ് മുത്തഫന്.
ഉഷയെ അവിടെ കൊണ്ടു കെട്ടിയിട്ട് 4-5 ദിവസമായി. ഒന്നു നോക്കിക്കളയാം, ഉഷേ നീ എവിടേ നിന് കുഞ്ഞെവിടേ. അയ്യോന്ന് നിലവിളിച്ചില്ലന്നേ ഉള്ളൂ. ഉഷയ്ക്ക് മുന്നില്‍ ഒരു തല പിന്നില്‍ വേറോരുതല. ഒരു നിമിഷം എടുത്തു സംഗതി മന്സിലാവാന്. അമ്മോോോ... നീട്ടി വിളിച്ചു.. ഒരു ജന്മം കൂടെ പിറക്കുന്നു. ബാക്കി കാണാന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് അവകാശം നഹി. എന്തായാലും, വീട്ടിലെ ഒറ്റപ്പെടല്‍ തല്ക്കാലം മാറികിട്ടുമല്ലോ...അതാണു ഒരു സന്തോഷം.